തെക്കിനിക്കോലായച്ചുമരിൽ

ചിത്രം/ആൽബം: സൂഫി പറഞ്ഞ കഥ
Raaga: ശങ്കരാഭരണം
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: മോഹൻ സിത്താര
ആലാപനം: കെ എസ് ചിത്ര, സുനിൽ


തെക്കിനിക്കോലായച്ചുമരില്‍ ഞാനെന്റെ
പൊട്ടിയ കൈവളത്തുണ്ടിനാലെ
കോറിയൊരവ്യക്ത ചിത്രമിന്നാരുടെ
കോമളരൂപമായ് മാറീ

അന്തിയ്‌ക്കു നെയ്ത്തിരി നാളത്തിലാളുന്ന
ഗന്ധര്‍വ്വ വിഗ്രഹമായ് മാറി
ഗന്ധര്‍വ്വ വിഗ്രഹമായ് മാറി   മാറി

പൂമുഖം കണ്ടാനന്ദക്കടലില്‍ വീണ് നിന്റെ
പൂമൊഴിത്തേന്‍ തിരതല്ലി കരകവിഞ്ഞ്
ആറ്റനീലക്കുരുവി നിന്‍ വാക്ക് നോക്ക് പിണഞ്ഞൊരു
വാഴനാരു കൊണ്ടു ഖല്‍ബ് വരിഞ്ഞു കെട്ടി
പൂതികൊണ്ടു പൊരിഞ്ഞൊരു മരുമണല്‍ക്കാട്ടിലൂടെ
ആരു കെട്ടി വലിക്കുന്നീ എരിവെയ്‌ലത്ത് നിന്റെ
താമരത്തേന്‍ നുകരാതെ തകര്‍ന്നെന്‍ നെഞ്ച്..
താനതന്തിന്ന തന്തിന്നോ താനാ തന്തിന്നോ
താന തന്തിന തനന തന്തിന്നോ
താനാ ത്നതിന്നോ


നെറ്റിയിലെ നറുചന്ദനം മായാതെ
മുറ്റത്തു മുക്കുറ്റി നില്‍ക്കവേ
പച്ച പുതച്ച കുളപ്പടവിന്മേല്‍ ഞാന്‍
ഒറ്റയ്‌ക്കു മിണ്ടാതിരിയ്‌ക്കവേ
ഉച്ചയ്‌ക്കു ചാറിയ വേനല്‍ മഴത്തുള്ളി
ഉന്മത്തഗന്ധം തുളിക്കവേ
ചിത്രാംഗദാ നിന്റെ ഗന്ധര്‍വ ലോകത്തില്‍
കര്‍പ്പൂര ധൂപമായ് ഞാനലിഞ്ഞു..

വിരലുകോര്‍ത്തിതിലെ  കല്‍പ്പക-
മലരുതിര്‍ന്നതിലെ
പലപല വഴികള്‍ പിന്നിട്ടരുമയായ് നീ
കൂട്ടു പോരാമോ
തൊടികള്‍ കുന്നുകള്‍  പുഴ കടന്നൊരു
പുതിയലോകത്തില്‍  പനിമതി
കുളിരുമായി വരും, പുതുമണവാട്ടിയായ് വരുമോ...

Comments